കണമല: രാത്രിയിൽ കാട്ടുപോത്തുകൾ കയ്യടക്കുകയാണ് എരുമേലിയുടെ കിഴക്കൻ മേഖലയിലെ പമ്പാവാലി - കുഴിമാവ് റോഡ്. ഭീതിയോടെയാണ് ഇതുവഴി നാട്ടുകാരുടെ യാത്ര. കഴിഞ്ഞ ദിവസം രാത്രിയിൽ ഏറെ സമയം വഴി മുടക്കി റോഡിന് നടുവിൽ നിൽക്കുകയായിരുന്നു ഒരു കാട്ടുപോത്ത്. ഇരു വശങ്ങളിലും വന്ന ബൈക്ക് യാത്രക്കാർ തിരികെ മടങ്ങേണ്ടി വന്നു. ബൈക്ക് യാത്രക്കാർ രാത്രിയിൽ ഇതുവഴി സഞ്ചരിക്കുന്നത് അപകടസാധ്യതയിലാണ്.
ചൂട് കാലാവസ്ഥ മൂലം ആണ് വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതെന്ന് വനം വകുപ്പ് പറയുന്നു. എന്നാൽ, ഏത് കാലാവസ്ഥ ആയാലും പമ്പാവാലി ഉൾപ്പെ ടെ കിഴക്കൻ മലയോര വന മേഖലയിലെ ജനവാസ പ്രദേശങ്ങളിലും റോഡുകളിലും നിത്യവും കാട്ടുമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. രണ്ട് കർഷകർ കണമലയിൽ വീടിനടുത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടതും തുലാപ്പള്ളിയിൽ ആനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവവും നാടിന് മറക്കാനാവില്ല.
മൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ കഴിഞ്ഞയിടെ വനാതിർത്തിയിൽ ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.